വയനാട്ടിലേക്ക് കൊട്ടിയൂർ ചപ്പമലയിലൂടെ ഒരു ജനകീയ പാതയൊരുങ്ങുന്നു.

May 13, 2026

ജനകീയ പരിശ്രമത്തിലൂടെ കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്ക് ഒരു റോഡ് കൂടി നിർമാണം പുരോഗമിക്കുന്നു. കൊട്ടിയൂർ ടൗണായ നീണ്ടുനോക്കിയിൽ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ 37-ാം മൈലിൽ അവസാനിക്കുന്ന റോഡിൻ്റെ പണികളാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തംഗം തോമസ് ആമക്കാട്ട്, ഐസക് എടക്കര, സുജി പൂത്തറ, ജയിംസ് പൂത്തറ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് റോഡ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. 50 വർഷത്തിൽ അധികമായി ഉണ്ടായിരുന്ന നീണ്ടുനോക്കി അട്ടക്കുളം 37-ാം മൈൽ റോഡിൻ്റെ പുനർ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 7.5 കിലോമീറ്ററാണ് റോഡിന്റെ ആകെ നീളം നീണ്ടുനോക്കി മുതൽ അട്ടിക്കുളം വരെ രണ്ട് കിലോമീറ്ററും അവിടെ നിന്ന് നാലര കിലോമീറ്ററുമാണ് കൊട്ടിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഉള്ളത്.

ഇതിൽ കുറച്ച് ദൂരം വനമേഖലയുമായി ബന്ധപ്പെട്ടാണ് റോഡുള്ളത്, മുൻപ് കൃഷിയിടങ്ങളായിരുന്ന സ്ഥ‌ലത്ത് വന്യജീവി ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പിൻ്റെ റീ ലൊക്കേഷൻ പദ്ധതിക്ക് വിട്ടു കൊടുത്തതിനെ തുടർന്ന് റവന്യു വകുപ്പിന്റെ കൈവശമുള്ള പ്രദേശത്തോട് ചേർന്നാണ് റോഡ് കടന്നു പോകുന്നത്. ഈ പ്രദേശം വരെയുള്ള റോഡിൻ്റെ മൺപണികൾ പൂർത്തിയായി എട്ട് മീറ്റർ വീതിയിലാണ് നാട്ടുകാർ ചേർന്ന് റോഡ് നിർമിക്കുന്നത്. റവന്യു ഭൂമിക്ക് അപ്പുറം വയനാട് ജില്ലയാണ്. പേര്യയ്ക്ക് ഒരു കിലോമീറ്റർ സമീപം എത്തിച്ചേരുന്നതാണ് റോഡ്. വയനാട് ജില്ലയിൽ ഒരു കിലോമീറ്റർ റോഡാണുള്ളത്. ഇതിൽ കുറച്ച് ദൂരം കോൺക്രീറ്റ് റോഡുണ്ട്. എന്നാൽ അവിടേയും റീ ലൊക്കേഷൻ പദ്ധതി പ്രകാരം ഭൂമി ഏറ്റെടുത്തിട്ടുള്ളതിനാൽ കുറച്ച് കുടുംബങ്ങൾ മാത്രമാണ് താമസമുള്ളത്. കൊട്ടിയൂർ മലയോര ഹൈവേയിൽ നിന്ന് ആരംഭിക്കുന്ന റോഡ് അവസാനിക്കുന്നത് തലശ്ശേരി മാനന്തവാടി ബാവലി സംസ്ഥാനാന്തര പാതയിലാണ്. രണ്ടര കിലോമീറ്ററോളം ദുരം ടാറിങ്ങോ കോൺക്രീറ്റോ ചെയ്‌താൽ മഴക്കാലത്തും ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യപ്പെടും. വയനാടുമായി ബന്ധപ്പെടാൻ കൊട്ടിയൂരിൽ നിന്ന് നിരവധി റോഡുകൾ അര നൂറ്റാണ്ട് മുൻപ് തന്നെ ഉണ്ടായിരുന്നു വയനാടുമായി ബന്ധപ്പെടാൻ ചുരമില്ലാ പാതയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ്, കണ്ടപ്പുനം നെല്ലിയോടി 39-ാം മൈൽ റോഡ് എന്നിവയൊക്കെ വാഹനങ്ങൾ ഓടിയിരുന്ന റോഡുകളായിരുന്നു. ഇവയെല്ലാം പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് വനം വകുപ്പ് അടച്ചിട്ടതാണ്. ഇതിൽ ചുരമില്ലാ പാതയായ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡിന്റെ ഭൂമി കൊട്ടിയൂർ പഞ്ചായത്ത് പാട്ടത്തിന് എടുത്തിട്ടുള്ളതുമാണ്. പുതിയ സർക്കാർ ചുരമില്ലാ പാത യാഥാർഥ്യമാക്കും എന്നാണ് മുന്നണികളുടെ വാഗ്ദാനം. ഒപ്പം പുതുക്കി നിർമിക്കുന്ന മറ്റ് രണ്ട് റോഡുകളും കൂടിയാകുമ്പോൾ ഉത്സവ കാലത്തെ തിരക്കിന് താൽക്കാലിക പരിഹാരമാകും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

.