2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മാസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

 വിനോദ സഞ്ചാര കേന്ദ്രങ്ങൾ - കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് 

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ഒരു നാടിനെ സംബന്ധിച്ചിടത്തോളം ടൂറിസം വളരെ പ്രധാനപ്പെട്ട ഒരു വികസന മാർഗമാണ്. പ്രദേശത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതിനൊപ്പം പ്രകൃതിയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും തനത് കലകളുടേയുമൊക്കെ സംരക്ഷണത്തിനും ഇത് കാരണമാകുന്നുണ്ട്. ടൂറിസം നിക്ഷേപങ്ങൾ ക്ഷണിച്ചുവരുത്തുന്നതിലൂടെ പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുകയും അതുവഴി ജീവിത നിലവാരം ഉയർത്താനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാനും കഴിയുന്നു.
പ്രകൃതി പകർന്നാടുന്ന കൊട്ടിയൂരിൽ സഞ്ചാരികളുടെ മനം കവരുന്ന നിരവധി ഇടങ്ങളുണ്ട്. ആകാശത്തെ തൊടാനെന്നപോലെ തലയുയർത്തി നിൽക്കുന്ന കുന്നിൻപുറങ്ങളും, ഹരിതാഭമായ താഴ്‌വരയും സ്വച്ഛവും ശാന്തവുമായി പ്രയാണം നടത്തുന്ന ബാവലിപ്പുഴയും, വെള്ളച്ചാട്ടങ്ങളും, അടിത്തട്ടിൽ കൗതുകമൊളിപ്പിച്ചുവെച്ച കയങ്ങളും നിബിഢ വനവും നിഗൂഡതകളും ആദിവാസികളും അവരുടെ ഊരും തനത് സംസ്കാരവുമൊക്കെ സഞ്ചാരികളെ ആകർഷിക്കാൻ പോന്നതുതന്നെയാണ്.
ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാൻ പഞ്ചായത്തിന്റെ പിന്തുണ ആവോളമുണ്ട്. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും സഞ്ചാരികളെ ആകർഷിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടും ഭരണകൂടം ഒപ്പമുണ്ടെന്നതിനാൽ കൊട്ടിയൂരിലെ ടൂറിസം സാധ്യതകൾക്ക് പൂത്തനുണർവുണ്ടായിട്ടുണ്ട്.

കൊട്ടിയൂർ മഹാദേവ ക്ഷേത്രം

പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് കൊട്ടിയൂരെന്നാണ് സങ്കൽപ്പം. വില്യം ലോഗന്റെ മലബാർ മാനുവലിൽ 'തൃച്ചെറുമന്ന' എന്ന് പരാമർശിക്കുന്ന സ്ഥലം കൊട്ടിയൂരാണ്. കൂടാതെ വടക്കൻപാട്ടുകളിലും മറ്റ് നാടോടിപ്പാട്ടുകളിലുമൊക്കെ കൊട്ടിയൂരിനെപ്പറ്റി പരാമർശിച്ചു കാണുന്നുണ്ട്. ബാവലിപ്പുഴയുടെ ഇരുകരകളിലുമായി രണ്ട് ക്ഷേത്രങ്ങളാണ് ഇവിടുള്ളത്. ബാവലിയുടെ വടക്കേക്കരയിൽ 'അക്കരെ' ക്ഷേത്രവും മറുകരയിൽ 'ഇക്കരെ' ക്ഷേത്രവുമാണ്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രം പതിനൊന്നുമാസം എല്ലാദിവസവും നിത്യപ്പൂജകൾ കഴിക്കുകയും ഭക്തജനങ്ങൾക്ക് തുറന്നുകൊടുക്കയും ചെയ്യും. അക്കരെ കൊട്ടിയൂര് വൈശാഖമഹോത്സവ നാളിൽ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. വൈശാഖ മാസത്തിലെ ചോതി നക്ഷത്രത്തിൽ മഴയുടെ നിറ സാന്നിധ്യത്തിലാണ് കൊട്ടിയൂർ ശിവപഞ്ചാക്ഷരി മന്ത്രങ്ങളാൽ മുകരിതമാകുന്നത്. ലക്ഷകണക്കിന് ഭക്തജനങ്ങൾ സംബന്ധിക്കുന്ന കാലയളവിലാണ് കൊട്ടിയൂരിൽ ഏറ്റവും തിരക്ക് അനുഭവപ്പെടാറ്.
ഐതിഹ്യം
ശിവപുരാണമനുസരിച്ച്, ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പുണ്യഭൂമിയാണ് കൊട്ടിയൂർ. തന്റെ പുത്രിയും ത്രിലോക സുന്ദരിയുമായ സതിദേവിക്ക് വിവാഹപ്രായമായപ്പോൾ വിശ്വപ്രജാപതിയായ ദക്ഷൻ ഒരു സ്വയംവരം സംഘടിപ്പിച്ചു. സതിയെ സ്വന്തമാക്കാൻ പ്രഭുക്കന്മാരും പണ്ഡിതശ്രേഷ്‌ഠരും രാജകുമാരന്മാരും എത്തിച്ചേർന്നു. എന്നാൽ ആ സ്വയംവര വേദിയിൽവെച്ച് സതീദേവി ജടാധാരിയായ ഭഗവാൻ ശിവനാണ് വരണമാല്യം ചാർത്തിയത്.
കാലാന്തരം ദക്ഷൻപ്രജാപതി, ലോകത്തെ സകല ദേവതകളെയും ക്ഷണിച്ച് ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. എന്നാൽ യാഗത്തിൽ നിന്ന് ഭഗവാൻ ശിവനെ അവഗണിച്ചു. സ്വന്തം പിതാവിന്റെ ഈ അനീതി സഹിക്കാനാവാതെ, സതിദേവി ഭർത്താവിന്റെ നിരോധനം അവഗണിച്ച് യാഗഭൂമിയിലേക്ക് പുറപ്പെട്ടു. യാഗസ്ഥലത്തെത്തിയ സതിദേവിയെ ദക്ഷൻ യാഗവേദിയിൽ അപമാനിച്ചു. അപമാനഭാരം നിമിത്തം ദേവി യാഗാഗ്നിയിൽ ആത്മാഹുതി ചെയ്തു. സതീദേവിയുടെ ജീവത്യാഗത്തെക്കുറിച്ചറിഞ്ഞ ഭഗവാൻ കോപാഗ്നിയിൽ ജ്വലിച്ചു. തൃക്കണ്ണിൽ നിന്ന് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്തതോടെ യാഗം മുടങ്ങി. രക്ഷാപുരുഷന്റെ മരണത്തോടെ യാഗം മുടങ്ങിയാലുള്ള ഭവിഷ്യത്തുകൾ അറിയുന്ന ദേവതകൾ ഭയചകിതരായി ശിവനെ ശാന്തമാക്കാൻ ശ്രമിച്ചു. ശിവന്റെ കോപം അല്പം ശമിച്ചപ്പോൾ ദേവതകളുടെ അപേക്ഷപ്രകാരം സമീപത്തുള്ള ഒരു ആടിന്റെ തല ദക്ഷന്റെ ശരീരത്തിൽ പ്രതിഷ്‌ഠിച്ചു യാഗം തുടരാൻ അനുവദിച്ചുവെന്നാണ് ഐതീഹ്യം.
മൂർത്തികൾ ബ്രഹ്‌മശിവവിഷ്ണുമാർ മൂവരും കൂടിയ 'കൂടിയൂർ' കാല ക്രമേണ കൊട്ടിയൂരയതാണ്. അതല്ല 'കൊത്തിയ ഊര്' (വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്തതിന്) കൊട്ടിയൂർ ആയതാണെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. നീണ്ടുനോക്കി, മന്ദംചേരി, പാലുകാച്ചി, പാൽചുരം മുതലായ സമീപദേശങ്ങൾക്ക് ശിവപാർവതിമാരുമായി ബന്ധപ്പെട്ട മിത്തുകളാൽ നാമകരണം ചെയ്യപ്പെട്ട ഇടങ്ങളാണത്രേ. പ്രചരിക്കുന്ന കഥകൾ പുരാണകഥയുടെ വെളിച്ചത്തിൽ ഭാവനപുഷ്ട‌ിയുള്ള പഴമക്കാർ കല്പിച്ചെടുത്തതാകണം.
യുഗങ്ങളോളം പ്രകൃതി ഒളിപ്പിച്ചുവെച്ച ഈ പുണ്യഭൂമി വീണ്ടും പുറത്തുവന്നത് ഒരു അപ്രതീക്ഷിത സംഭവത്തിലൂടെയായിരുന്നു. കുറിച്യ ഗോത്രക്കാർ വനത്തിൽ വേട്ടയാടുന്നതിനിടയിൽ അമ്പിന് മൂർച്ചവരുത്താൻ ഒരു കല്ലിൽ രാകിയപ്പോൾ അതിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടു അവർ ഭയചകിതരായി. അവർ ഈ അത്ഭുത പ്രതിഭാസം അടുത്തുള്ള പടിങ്കിട്ട നമ്പൂതിരിയെ അറിയിച്ചു. തന്ത്രശാസ്ത്രത്തിൽ പ്രാവീണ്യമുള്ള നമ്പൂതിരി, ഈ സംഭവത്തിന് പിന്നിൽ ഒരു ദിവ്യശക്തിയുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കി. പടിങ്കിട്ട തിരുമേനിയുടെ നിർദ്ദേശപ്രകാരം ആദിവാസികൾ മണത്തണ ഗ്രാമത്തിലെ നാല് പ്രമുഖ കുടുംബങ്ങളായ കുളങ്ങരയത്ത്, ആക്കൽ, കരിമ്പനക്കൽ, ചാത്തോത്ത്, തിട്ടയിൽ എന്നീ തറവാട്ടിലെ കരണവൻമ്മാരെ വിവരം ധരിപ്പിച്ചു. അവർ നാലുപേരും പടിങ്കിട്ട നമ്പൂതിരിയോടൊപ്പം സ്ഥലത്തെത്തി വനത്തിൽ രക്തം ഒഴുകുന്ന കല്ല് കണ്ടെത്തി. വെള്ളവും നെയ്യും പാലും നേദിച്ചു ശുദ്ധീകരണ ക്രിയകൾ നടത്തിയിട്ടും രക്തപ്രവാഹം നിലച്ചില്ല.....
സതിദേവി യാഗാഗ്നിയിൽ ആത്മാഹുതി ചെയ്‌ത സ്ഥലത്തിനടുത്താണ് ശിവൻ സ്വയംഭൂ രൂപം പ്രത്യക്ഷപ്പെട്ടതെന്നാണ്. ശ്രീ ശങ്കരാചാര്യർ തൻ്റെ ആത്മീയ ദർശനത്തോടെ ഈ ക്ഷേത്രത്തിലെ ആചാരങ്ങൾ ക്രമീകരിച്ചു. ഇന്നും കൊട്ടിയൂർ ക്ഷേത്രം തൻ്റെ പുരാതന ചരിത്രവും ആത്മീയ പ്രാധാന്യവും നിലനിർത്തിക്കൊണ്ട് ഭക്തജനങ്ങളെ ആകർഷിക്കുന്നു.
മെയ്- ജൂൺ മാസങ്ങളിലാണ്(വൈശാഖ മാസത്തിലെ ചോതി നാൾ മുതൽ മകംവരെ) വൈശാഖമഹോത്സവം കൊണ്ടാടുന്നത്. മഴ ഒരു നിശബ്ദ സാന്നിധ്യമായി ഉത്സവത്തിൻ്റെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കുമെന്നാണ് ഇവിടുത്തെ സവിശേഷത. പുണ്യബാവലിയിൽ സ്നാനം ചെയ്ത്‌ മഴയുടെ കൈപിടിച്ച് തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്യുമ്പോൾ പ്രകൃതിയോട് ചേർന്ന് പഴമയിലേക്ക് ഇറങ്ങിയതൊന്നലിൽ ആത്മീയതയുടെ പരകോടിയിൽ ഭക്തൻ എത്തപ്പെടും. പ്രകൃതിയും മനുഷ്യനും പരസ്‌പര പൂരകമാണെന്ന നിത്യനിതാന്ത സത്യത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് സഹ്യന്റെ മുടിയിൽനിന്നും നേർത്ത കാറ്റ് തലോടിക്കൊണ്ട് നമ്പൂതിരിമുതൽ ജാതിഭേദമില്ലാതെ കുറിച്യർവരെയുള്ള ജനവിഭാഗങ്ങൾ ഉത്സവത്തിന്റെ ചടങ്ങുകഴിക്കാറുണ്ടെന്ന വിശാലമായ കാഴ്‌ചപ്പാടും വൈശാഖ മഹോത്സവത്തിനുണ്ടെന്ന് പ്രത്യേകം പരാമർശിക്കട്ടെ.
കണക്കുകൂട്ടലുകൾ പ്രകാരം, അക്കരെ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ വിസ്‌തീർണ്ണം വളരെ വലുതാണ്, ഈ വലിപ്പത്തിലുള്ള ഒരു കെട്ടിടം നിർമ്മിക്കുന്നത് അസാധ്യവുമാണ്. അതിനാൽ ഇന്നും ക്ഷേത്രം നിരവധി ചെറിയ ക്ഷേത്രങ്ങളുടെ രൂപത്തിൽ നിലനിൽക്കുന്നു, ഏതാണ്ട് 72 എണ്ണം. വൃത്താകൃതിയിലുള്ള ജലക്കുളത്തിന്റെ മധ്യഭാഗത്ത് അർദ്ധവൃത്താകൃതിയിലുള്ള "തറ" മണിത്തറ എന്നറിയപ്പെടുന്നു. "സ്വയംഭൂ" എന്ന സ്ഥലം ജലത്താൽ ചുറ്റപ്പെട്ടതാണ്. അതാണ് തിരുവഞ്ചിറ. വീരഭദ്രൻ യാഗം നശിപ്പിച്ചപ്പോൾ ചിതറിയ രക്തമാണ് തിരുവഞ്ചിറയിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ഭക്തൻ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞ് മണിത്തറയിൽ പ്രാർത്ഥിക്കുമ്പോൾ, ഇടതുവശത്ത് കാണുന്ന വൃത്താകൃതിയിലുള്ള 'തറ' സതി ആത്മാഹുതി നടത്തിയ അമ്മാറക്കൽ തറ ആണ്. യാഗത്തിനായി സൃഷ്‌ടിച്ച അഭയകേന്ദ്രം ഇന്ന് കാണുന്ന ഓല മേഞ്ഞ കുടിലുകൾക്ക് രൂപം നൽകി. പുരോഹിതന്മാരും ക്ഷേത്ര അധികാരികളും ഇത്തരം കുടിലുകളിൽ താമസിക്കുന്നു. കൂത്തമ്പലം, കലവറ, ഓച്ചർ, ഉള്ളാട്ട് മനുഷ്യർ, കൂടിപ്പതികൾ, കണക്കപ്പിള്ള, ആശാരി, മൂശാരി, കൊല്ലൻ, കുറിച്ചിയൻ(ഒറ്റപ്പിലാൻ) എന്നിവയിൽ ഇന്ന് വ്യത്യസ്‌ത ഷെഡുകൾ ഉണ്ട്. ഉത്സവത്തിലെ പ്രധാന നിവേദ്യം ഓടപ്പൂവ് ദക്ഷൻ്റെ താടിയാണിതെന്നാണ് സങ്കല്പം. അധികം മൂപ്പെത്താത്ത ഓടകൾ വെട്ടിയെടുത്തു പരുവപ്പെടുത്തി ചതച്ചു ഓടപ്പൂവാക്കി, ചീകി മിനുക്കി വിൽക്കുന്നവരെയുള്ള എല്ലാ പ്രക്രിയകളും തദ്ദേശീയമായി തന്നെ നടക്കുന്നു.
 

പാൽചുരം വെള്ളച്ചാട്ടം

കൊട്ടിയൂരിലെ മറ്റൊരു ആകർഷണമാണ് പാൽച്ചുരം വെള്ളച്ചാട്ടം. കണ്ണൂർ വയനാട് ജില്ലകളുടെ അതിർത്തിയിൽ ചെകുത്താൻ തോടിന്റെ താഴെയാണ് പാൽചുരം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വയനാടൻ കുന്നുകളിൽനിന്നു കിനിഞ്ഞിറങ്ങിയ ബാവലിപുഴ ചെകുത്താൻതോടിനെ മറികടന്ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്നിടത്ത് 300 മീറ്ററോളം ഉയരത്തിൽനിന്നും പളുങ്കുമണികൾ പോലെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം നാല് തട്ടുകളിലാണുള്ളത്. നിത്യഹരിത വനങ്ങളുടെ ഇടയിൽ വനത്തിന്റെ നിഗൂഡതകളെയൊക്കെ സ്വാംശീകരിച്ചു വശ്യമനോഹാരിയായി നിൽക്കുന്ന വെള്ളച്ചാട്ടത്തിന് താഴെ പ്രകൃതിയാൽ സംഭരിക്കപ്പെട്ടിരിക്കുന്നു. കത്തുന്ന വേനലിലും കണ്ണീരുപോലെ നിറഞ്ഞുകിടക്കുന്ന തണുത്ത വെള്ളത്തിൽ ഇറങ്ങി ആസ്വദിക്കാൻ കഴിയുമെന്നതും സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
ദുർഘടമായ ചുരം ഏകദേശം മധ്യത്തിലായി ആശ്രമം ജംഗ്ഷനിൽനിന്നാണ് പാൽച്ചുരം വെള്ളച്ചാട്ടത്തിലേക്കുള്ള പാത തുടങ്ങുന്നത്. താഴേക്കുള്ള മൺപാതയുടെ ഒന്നര കിലോമീറ്ററോളം കുത്തനെ ഇരുവശവും സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളാണ്. കവുങ്ങും കശുമാവും നെല്ലിമരവും ജാതിമരവും റബ്ബറുമൊക്കെ കുടിയേറ്റ ജനതയുടെ അധ്വാനത്തിന്റെ പകിട്ടിൽ പ്രൗഢമായി നിൽക്കുന്ന ചെരുവിലേക്ക് ബാവലിപ്പുഴയുടെ മടിത്തട്ടിൽ മുങ്ങിനിവർന്ന നേർത്ത കാറ്റ് യാത്രികർക്ക് സ്വാഗതമരുളുന്നു. ഇടക്കിടക്ക് പാതയെ മുറിച്ചുകൊണ്ട് ഒന്നുരണ്ട് ചെറിയ അരുവികൾ തെളിനീരുമായി ഒഴുകുന്നതും കാണാം. ശുദ്ധമായ ആ തണുത്തവെള്ളം കിതപ്പകറ്റാനും ക്ഷീണമകറ്റാനും സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയതാണെന്ന് സ്പഷ്ടം. മൺപാത പഴയൊരു ഇരുമ്പു പാലത്തിന് സമീപം അവസാനിക്കും. തുടർന്ന് കുത്തനെയുള്ള കയറ്റത്തിൽ കവുങ്ങുംതോട്ടമാണ്.
വഴുവഴുപ്പുള്ള കല്ലുകളിലൂടെ സശ്രദ്ധം മുന്നോട്ട് നീങ്ങുമ്പോൾ വെള്ളച്ചാട്ടം ആർത്തു വിളിച്ചു സഞ്ചാരികളെ വഴിതെറ്റാതെ തങ്ങളോടടുപ്പിക്കും. അവളുടെ ആദ്യ ദൃശ്യം തന്നെ മനംമയക്കുന്നതാണ്. കുസൃതി ഒളിപ്പിച്ചു പിടിച്ച കൈകൾകൊണ്ട് ബാവലി തന്നെ കാണാൻ വന്നവരെ തലോടും, തന്നിലേക്ക് അടുപ്പിക്കാനുള്ള പ്രലോഭനമെന്നപോലെ. പശ്ചാത്തലത്തിൽ കാടിന്റെ വശ്യസാന്നിദ്ധ്യം കൂടിയായാൽ സാഹസികനായ സഞ്ചാരിക്ക് വെറുതെയിരിക്കാനാവില്ലല്ലോ. കാലവർഷത്തിലാണ് വെള്ളച്ചാട്ടം ഏറ്റവും മനോഹരം. എങ്കിൽകൂടി സഞ്ചാരികൾ കടുത്ത വേനലിലും സന്ദർശിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. ദിവസേന നൂറുകണക്കിന് ആളുകൾ സന്ദർശിക്കുന്ന ഇടത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകുന്നുണ്ട്. നിയന്ത്രണങ്ങളൊന്നുമില്ലാത്തതായതുകൊണ്ട് വൈകിട്ട് 5 മണിക്കുശേഷമുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നില്ല.
 

പാലുകാച്ചി വ്യൂ പോയിന്റ്

കൊട്ടിയൂരിന്റെ മകുടമായി സർവ്വ പ്രൗഢിയോടുംകൂടി നിൽക്കുന്ന സഹ്യന്റെ പുത്രനാണ് പാലുകാച്ചിമല. പ്രകൃതിയുടെ ലാസ്യഭാവങ്ങൾ ആവാഹിച്ചെടുത്തു സഞ്ചാരികളുടെ പറുദീസയായി പാലുകാച്ചി നിലനിൽക്കുന്നു. ട്രെക്കിങ്ങും സാഹസികയാത്രയും ഇഷ്ട‌പ്പെടുന്നവർക്ക് തീർച്ചയായും യോജിക്കുന്ന ഇടമാണ് പാലുകാച്ചി മല. കൊട്ടിയൂരിൽ നിന്ന് നീണ്ടുനോക്കി വഴിയും ചുങ്കക്കുന്ന് വഴിയും പാലുകാച്ചിയിൽ എത്തിച്ചേരാം. ഏറിയപങ്കും ജനവാസമേഖലയിലൂടെയുള്ള യാത്രയിൽ കുടിയേറ്റജനതയുടെ നിത്യധ്വാനത്തിന്റെ്റെ ഊഷ്‌മളമായ കാഴ്‌ച സഞ്ചാരിക്ക് കിട്ടും.
പ്രകൃതിയോട് ചേർന്ന് പ്രകൃതിയിൽ ലയിച്ചു ഒരു ജനവിഭാഗം അഭിമാനത്തോടെ ജീവിച്ചുവന്ന ഇടങ്ങൾ കയറിച്ചെന്നാൽ സൈന്റ് തോമസ് മൗണ്ട് എന്ന സ്ഥലത്താണ് എത്തുന്നത്. അതിന് ശേഷം ഇടതൂർന്ന വനമാണ്. നട്ടുച്ചനേരത്തും സൂര്യരശ്മ‌ികൾ കടന്നുചെല്ലാൻ മടികാണിക്കുന്ന വനത്തിലൂടെ കാടിനെ അറിഞ്ഞു 2 കിലോമീറ്ററോളം ട്രെക്ക് ചെയ്‌താൽ വിശാലമായ തെരുവപ്പുല്ലുകൾ നിറഞ്ഞ പാലുകാച്ചിമലയുടെ നെറുകയിൽ എത്തുവാൻ സാധിക്കും.
 

ഇവിടുത്തെ ടൂറിസം സാധ്യതകളെ മുൻകൂട്ടിക്കണ്ട് കൊട്ടിയൂർ പഞ്ചായത്ത് കേളകം ഗ്രാമപഞ്ചായത്തും വനംവകുപ്പുമായി കൈകോർത്ത് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ട്രക്കിങ്ങിൻ്റെ ബെയ്‌സ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, Парക്കിങ് സ്ഥലം, ശൗചാലയ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്. കൊട്ടിയൂരിൽനിന്ന് ഇവിടേക്കുള്ള റോഡ് പ്രവൃത്തികളും പുരോഗമിക്കുകയാണ്.

ബെയ്‌സ് ക്യാമ്പിലേക്കായി മൂന്നുവഴികളാണുണ്ടാവുക. ഗ്രാമീണ ടൂറിസവും പ്ലാൻ്റേഷനും ചേർന്ന് കേളകം അടക്കത്തോട് ശാന്തിഗിരി മാർഗമാണ് ഒരു പാത. ട്രക്കിങ് സാധ്യതയുള്ള സാഹസികപാത ചുങ്കക്കുന്നിൽനിന്നും പാലുകാച്ചിയിലേക്കും, ഐതിഹ്യ പാതയായ നീണ്ടുനോക്കിയിൽനിന്നും പാലുകാച്ചിയിക്ക് മറ്റൊരു പാതയുമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. മൂന്ന് പാതകൾ ആരംഭിക്കുന്നിടത്തും പാതകൾ ഒരുമിക്കുന്ന സെന്റ് തോമസ് മൗണ്ടിലും ബേസ് ക്യാമ്പും മറ്റ് സൗകര്യങ്ങളുമൊരുക്കും. ഓരോ പ്രദേശങ്ങളിലെയും ഭൂപ്രകൃതിയും പ്രത്യേകതയും ഉൾപ്പെടുത്തിയുള്ള മ്യൂസിയവും ടൂറിസം അനുബന്ധ സൗകര്യങ്ങളും അതത് പഞ്ചായത്തുകൾ ഒരുക്കുന്നുണ്ട്.

 

റിസോർട്ടുകളും ഹോംസ്റ്റേകളൂം

സഞ്ചാരികളുടെ സൗകര്യാർത്ഥം കൊട്ടിയൂരിലേക്കെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായി താവളമൊരുക്കാൻ എണ്ണംപറഞ്ഞ റിസോർട്ടുകളും ഹോംസ്റ്റേകളും പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായിട്ടുണ്ട്. അമ്പായത്തോട്ടിലെ ചെമ്പരത്തി റിസോർട്ട്, പാൽചുരത്ത് ഹാപ്പി ലാൻഡ് റിസോർട്ട്, വെങ്ങാലോടിയിലെ നീനോസ് അപ്പാർട്ട്മെൻ്റ് തുടങ്ങിയവ ഇവയിൽ ചിലതാണ്.

Photos