പരാതി പരിഹാര സംവിധാനങ്ങള്‍
കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്
പൊതുജന പരാതി പരിഹാര സംവിധാനങ്ങൾ
1. പഞ്ചായത്ത് തല പരാതി പരിഹാര സമിതി
പഞ്ചായത്ത് തല പരാതി പരിഹാര സമിതി എന്നത് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ഭരണപരമായോ സേവനങ്ങളുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന പരാതികൾ സ്വീകരിച്ച് അവ പരിശോധിച്ച് പരിഹരിക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയാണ്. പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും നീതി ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പൊതുജനങ്ങൾക്ക് പരാതികൾ ഓൺലൈനായോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്.
സമിതിയുടെ ഘടന
- പഞ്ചായത്ത് പ്രസിഡന്റ് - ചെയർപേഴ്സൺ
- അംഗങ്ങൾ:
- വൈസ് പ്രസിഡന്റ്
- സ്ഥിരം സമിതി അധ്യക്ഷർ
- പഞ്ചായത്ത് സെക്രട്ടറി
- ബന്ധപ്പെട്ട ഉദ്യോഗസ്ഥർ
- പരാതി സംബന്ധിച്ച വിഷയ മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിന് പ്രാപ്തിയുള്ള നിർവഹണ ഉദ്യോഗസ്ഥൻ
- പരാതിയുമായി ബന്ധപ്പെട്ട വാർഡിലെ അംഗം
2. ഓംബുഡ്സ്മാൻ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെയും അഴിമതി, ദുർഭരണം, നിയമക്രമരാഹിത്യം തുടങ്ങിയ കാര്യങ്ങളിൽ പരാതി കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംസ്ഥാനതലത്തിൽ രൂപീകൃതമായ അർത്ഥ നീതി ന്യായ സ്ഥാപനമാണ് ഓംബുഡ്‌സ്‌മാൻ. ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ച ഒരാളെ ഗവർണ്ണറാണ് ഓംബുഡ്‌സ്‌മാനായി നിയമിക്കുന്നത്. നടപടിക്രമങ്ങൾ മറ്റ് കോടതികളിൽ നിന്ന് വ്യത്യസ്തവും ലളിതവുമാണ്. പൊതുജനങ്ങൾക്ക് പരാതി പരിഹരിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനമാണ് ഓംബുഡ്സ്മാൻ.
അധികാരങ്ങൾ
- ആരോപണങ്ങൾ പരിശോധിച്ച് ഉത്തരവുകൾ പാസ്സാക്കുക.
- നിർദ്ദിഷ്ട നടപടികളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പാസ്സാക്കുക.
- നഷ്ടപരിഹാരവും പിഴയും ചുമത്തുക.
- 1908 ലെ സിവിൽ നടപടി നിയമപ്രകാരം ഒരു കേസ് വിചാരണ ചെയ്യുന്നതിന് ഒരു സിവിൽ കോടതിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ.
- പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ ഏത് സർക്കാർ ഉദ്യോഗസ്ഥരുടേയും സേവനം ആവശ്യപ്പെടാനുള്ള അധികാരം.
ചുമതലകൾ
- ജനങ്ങളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുക.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരീതി സംശുദ്ധമാക്കുക.
- ഒരു പരാതിയിൽ അടങ്ങിയിട്ടുള്ളതോ സർക്കാർ പരാമർശിച്ചിട്ടുള്ളതോ ഓംബുഡ്സ്മാൻറെ അറിവിൽപ്പെട്ടതോ ആയ പരാതിയെ സംബന്ധിച്ച് സൂക്ഷ്‌മമായ അന്വേഷണം നടത്തുക.
ഓംബുഡ്സ്മാന്റെ പരിധിയിൽ വരാത്തവ
- സർക്കാർ ഔപചാരികമായും പരസ്യമായും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള കാര്യങ്ങൾ.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിൽ നിന്നും പരിഹാരം തേടേണ്ട വിഷയങ്ങൾ.
- 1952 ലെ എൻക്വയറി കമ്മീഷൻ ആക്ട് അനുസരിച്ച് ഒരു കോടതി മുമ്പാകെ നിലവിലുള്ള കാര്യങ്ങൾ.
- ആരോപണവിധേയമായ സംഗതി നടന്ന തീയതിക്കുശേഷം 3 വർഷം കഴിഞ്ഞ് നൽകുന്ന പരാതി (എന്നാൽ പരാതി നൽകാൻ കഴിയാതെ പോയതിന് മതിയായ കാരണമുണ്ടെങ്കിൽ പരാതി സ്വീകരിക്കാം).
3. ട്രൈബ്യൂണൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായി അപ്പീൽ/റിവിഷൻ ഹരജി നൽകുന്നതിനുള്ള ജുഡീഷ്യൽ സംവിധാനമാണ് ട്രൈബ്യൂണൽ. ജില്ലാ ജഡ്‌ജിയുടെ പദവിയിലുള്ള ന്യായാധിപനാണ് ട്രൈബ്യൂണൽ. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് സർക്കാർ ട്രൈബ്യൂണൽ നിയമനം നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തമ്മിലും അവയും സർക്കാരും തമ്മിലുമുള്ള തർക്കങ്ങൾ പരിശോധിച്ച് സർക്കാരിലേക്ക് അഭിപ്രായമറിയിക്കുന്നതിന് ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.
അധികാരങ്ങൾ
- ഒരു കേസ് വിചാരണ ചെയ്യുമ്പോൾ 1908 ലെ സിവിൽ നടപടി നിയമപ്രകാരം സിവിൽ കോടതിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ.
- ട്രൈബ്യൂണലിൻറെ മുമ്പാകെയുള്ള ഏതൊരു നടപടിയും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരമുള്ള നീതിന്യായ നടപടിയായി കരുതണം.
- ഹരജിക്കാരൻറെ അപേക്ഷയിന്മേൽ നടപടി നിർത്തിവെക്കുന്നതിന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള അധികാരം.
ഹർജി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഹർജിയുടേയും ബന്ധപ്പെട്ട രേഖകളുടേയും സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പും ട്രൈബ്യൂണലിൻറെ പേരിലുള്ള 50 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റും അയക്കണം. എതിർ കക്ഷികളുടെ എണ്ണം അനുസരിച്ച് അത്രയും പകർപ്പുകൾ കൂടി നൽകണം.
- അപ്പീൽ സാധാരണഗതിയിൽ 30 ദിവസത്തിനകം സമർപ്പിക്കണം. എന്നാൽ മതിയായ കാരണമുണ്ടെങ്കിൽ ഈ കാലാവധിക്ക് ശേഷം ഒരു മാസം വരെയും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപ്പിൽ ഫയൽ ചെയ്ത് 60 ദിവസത്തിനകം തീർപ്പാക്കിയിട്ടില്ലാത്ത സംഗതികളിൽ 90 ദിവസത്തിനകം ട്രൈബ്യൂണലിൽ റിവിഷന് /അപ്പീൽ സമർപ്പിക്കാം. എന്നാൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ ഈ സമയപരിധിക്ക് ശേഷം ഒരു മാസത്തിനകവും അപ്പീൽ/റിവിഷൻ സമർപ്പിക്കാവുന്നതാണ്.
4. മറ്റ് പരാതിപരിഹാര സംവിധാനങ്ങൾ
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ
സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഐ.ടി അധിഷ്ഠിത പൊതുജന പരാതിപരിഹാര സെല്ല് പ്രവർത്തിക്കുന്നു. ഈ സെല്ലിലേക്ക് സംസ്ഥാന സർക്കാരിൻ്റെ വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികളും പ്രാദേശിക സർക്കാരുകളുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച് നടപടികൾ സ്വീകരിക്കുന്നു.
ടോൾ ഫ്രീ നമ്പർ: 1076
പോർട്ടൽ: cmo.kerala.gov.in
സി.എം. വിത്ത് മീ (CM With Me)
ജനങ്ങളും സർക്കാരുമായി നേരിട്ടു സംവദിക്കുന്നതിനുള്ള പരിപാടിയാണ് സി.എം. വിത്ത് മീ. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇതിൻ്റെ ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാം. ഉദ്യോഗസ്ഥർ പരാതി കേൾക്കുകയും ഫോൺകോളിനു മറുപടി പറഞ്ഞശേഷം പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.
ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് "മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി.എം. വിത്ത് മീ" എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിച്ചിട്ടുള്ളത്. പരാതി നൽകാൻ മാത്രമല്ല ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക എന്നതും ഈ സെൻ്ററിൻ്റെ ലക്ഷ്യമാണ്.
ടോൾ ഫ്രീ നമ്പർ: 1800-425-6789